
കോഴിക്കോട്: പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ഏകദേശം ആറു കിലോമീറ്റർ ഓടിയാണ് പന്നി കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചത്. വീട്ട് മുറ്റത്ത് നിൽക്കുന്നവർക്കും പറമ്പിൽ നിൽക്കുന്നവർക്കുമെല്ലാം കുത്തേറ്റു. ഒരു കാട്ടുപന്നി ഇത്രയും അധികം ആളുകളെ ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. ഈ മേഖലകളിലെല്ലാം കാട്ടു പന്നികൾ ഇറങ്ങാറുണ്ടെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്. അക്രമം നടത്തിയ പന്നി വടക്കൻ കല്ലോട് ഭാഗത്തേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്.