
ചെന്നൈ: കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടും. പിടികൂടിയ ശേഷം ആനയെ ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം.
ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും തമിഴ്നാട് ഗവണ്മെന്റ് സജ്ജമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. വാഹനങ്ങൾക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു.
വേറെയും വാഹനങ്ങളെ ആക്രമിച്ചു. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം അരീകൊമ്പൻ പുളിമരത്തോപ്പിൽ ഒളിക്കുകയായിരുന്നു.
തുടർന്ന് വനം വകുപ്പ് ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന പോയില്ല. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടി തുറന്നുവിടാൻ തീരുമാനിച്ചത്.
സാധാരണ തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. കുമളി മേഖലയിലുള്ള കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ കമ്പത്ത് എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന പുളിമരത്തോപ്പിലേക്ക് കടക്കുന്നതിന് ഒരു വഴി മാത്രമാണ് ഉള്ളത്. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാൻ മറ്റ് വഴികളില്ല.
ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്.