![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images28929.jpeg?resize=639%2C480&ssl=1)
കോട്ടയം: തകർത്തു പെയ്യുന്ന മഴയിൽ വെള്ളം കയറി കോട്ടയം മെഡിക്കൽ കോളേജ് ഒ പി.
ഇപ്പോൾ വിവിധ വിഭാഗങ്ങളുടെ ഒ പി ആയി പ്രവർത്തിക്കുന്ന ഇവിടം മുൻപ് പഴയ അത്യാഹിത വിഭാഗമായിരുന്നു. മുട്ടോളം വെള്ളം കയറിയിരിക്കുന്ന ഒപിയിലെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത പ്രയാസത്തിലാണ്.
ഈയടുത്ത കാലത്ത് ഒ പിയുടെ ഭാഗത്തായി ഒരു റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളം ഒഴുകിപ്പോകാനുള്ള മാർഗങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒ പിയിലേക്ക് വെള്ളം കയറിയത് ആവാനാണ് സാധ്യത. വെള്ളം ഒഴുക്കി കളയാനും അധികൃതർ മാർഗ്ഗങ്ങൾ ഒന്നും കാണുന്നില്ല.
ഒ പിയിൽ ആളുകളുടെ തിരക്ക് കുറവാണെങ്കിലും രോഗികളും ബന്ധപ്പെട്ടവരും നിരന്തരം നടന്നു പോകുന്ന സ്ഥലമാണിത്. മഴ കുറഞ്ഞാൽ മാത്രം വെള്ളം ഇറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്തകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളം കയറിയതായി പരാതികൾ ഉയർന്നിട്ടില്ല. അധികൃതരും രോഗികളും ഒരുപോലെ വലയുന്ന ഈ ഘട്ടത്തിൽ മഴയുടെ ശമനം മാത്രമാണ് ഒരു പ്രതീക്ഷ.