ആറ്റിങ്ങൽ : കല്ലമ്പലത്തു നിന്നും രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് പണിമുടക്ക് ദിവസം ആറ്റിങ്ങലിൽ വെച്ച് സമരാനുകൂലികൾ തടഞ്ഞ് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നടപടി വേണമെന്ന ആവശ്യവുമായി ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) രംഗത്ത്.
ഇത്തരത്തിൽ രോഗിയുമായി പോകുന്ന ആംബുലൻസുകളെ സമരാനുകൂലികൾ തടയുന്നതും, കൈയേറ്റം ചെയ്യുന്നതും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതും കുറ്റകരമാണെന്നും, ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) സംസ്ഥാന, ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. പാരിപ്പള്ളിയിൽ നിന്ന് ലൈഫ് ബീറ്റ് എന്ന ആംബുലൻസിൽ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി രോഗിയുമായി മടങ്ങവേയായിരുന്നു പണിമുടക്ക് അനുകൂലികൾ ആംബുലൻസ് തടഞ്ഞത്.
തുടർന്ന് ആംബുലൻസ് ഡ്രൈവർ പാരിപ്പള്ളി സ്വദേശി ജീവനെ(22) കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയിൽ കോരാണി സനൽ എന്നയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.