ഒമിക്രോണ്‍ വ്യാപന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രത്യേക കോവിഡ് പ്രോട്ടോക്കോളുമായി ആരോഗ്യവകുപ്പ്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ തുടരേണ്ടി വരും. ഇവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈന് വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഏഴ് ദിവസത്തിന് ശേഷം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവായാലും ക്വാറന്റൈനില്‍ തുടരുന്നതാണ് അഭികാമ്യം. പോസിറ്റീവായാല്‍ ക്വാറന്റൈന് നീട്ടും. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാകും ചികിത്സ. ജീനോം സീക്വന്‍സിങ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
നാല് വിമാനത്താവളങ്ങളിലും കൂടുതല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ച് സംസ്ഥാനം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭയക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.