
പാകിസ്താനിലെ ബലൂചിസ്താനിൽ പാസഞ്ചർ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേർ മരിച്ചു. 48 യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽ പെട്ടത്. ലാസ്ബെലയ്ക്ക് സമീപം അമിത വേഗതയിൽ എത്തിയ ബസ് യു-ടേൺ എടുക്കുന്നതിനിടെ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഹംസ അഞ്ജും പറഞ്ഞു.
ബലൂചിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്കും തെക്കൻ തുറമുഖ നഗരമായ കറാച്ചിക്കും ഇടയിലാണ് ബസ് രാത്രിയിൽ സഞ്ചരിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതോ അമിത വേഗതയോ ആവാം അപകട കാരണമെന്ന് ഹംസ അഞ്ജും പറഞ്ഞു. പാലത്തിൽ നിന്ന് താഴേക്ക് പതിച്ച ബസ് പൂർണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായതായി ഹംസ അഞ്ജും കൂട്ടിച്ചേർത്തു.
അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങളുടെ ഐഡന്റിറ്റി നിർണ്ണയിക്കാൻ ഡിഎൻഎ പരിശോധ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരു കുട്ടിയും ഒരു സ്ത്രീയുമുൾപ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എങ്കിലും മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.