![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/image_search_1636134222947.jpg?resize=650%2C338&ssl=1)
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഇത് കാൽസ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഉന്മേഷം നൽകുന്ന, ക്ഷീണമകറ്റുന്ന മികച്ച ഒരു പാനീയമാണ് നാരങ്ങാ വെള്ളം. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കേണ്ടതാണോ? നാരങ്ങാ വെള്ളം വൃക്കരോഗികൾക്കു കുടിക്കാമോ? അറിയാം.
രക്തത്തിലെ ടോക്സിനുകളും മറ്റും പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾക്കുള്ളത്. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഇവ ഒരു പങ്കു വഹിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിലും കെമിക്കലുകളായ ക്രിയാറ്റിനിൻ, യൂറിക് ആസിഡ് ഇവയുടെ അളവ് നിയന്ത്രിക്കുന്നതിലും വൃക്കൾക്കു പങ്കുണ്ട്.
വൃക്കകൾക്ക് രക്തം അരിക്കാൻ കഴിയാതെ വരുമ്പോഴാണ് ഗുരുതരമായ വൃക്കരോഗം വരുന്നത്. അതായത് ടോക്സിനുകളും മാലിന്യങ്ങളുമെല്ലാം രക്തത്തിൽ അടിഞ്ഞുകൂടും.
ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കും കാരണമാകും. വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ, സിട്രിക് ആസിഡ് ഇവ ധാരാളം അടങ്ങിയ നാരങ്ങ വെള്ളം ഗുരുതരമായ വൃക്കരോഗം ബാധിച്ചവർ കുടിക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ല.
ക്രിയാറ്റിനിൻ ലെവൽ കുറയ്ക്കുന്നതിൽ നാരങ്ങാവെള്ളത്തിന് കാര്യമായ പങ്കില്ല.
എന്നാൽ അതിന്റെ അളവ് കൂട്ടുന്നുമില്ല. നമ്മുടെ പേശികൾക്കുണ്ടാകുന്ന കേടുപാടുകളുടെ ഒരു ഉപോൽപന്നമാണ് ക്രിയാറ്റിനിൻ. എത്ര മസിൽ ഉണ്ടോ അത്രയും ക്രിയാറ്റിനും രക്തത്തിലുണ്ടാകും.
വൃക്കകൾ നീക്കം ചെയ്യുന്ന ക്രിയാറ്റിനിന്റെ അളവിനെ ക്രിയാറ്റിനിൻ ക്ലിയറൻസ് എന്നാണ് പറയുക.
ആരോഗ്യമുള്ള ഒരു വ്യക്തിയിൽ (സ്ത്രീകളിൽ) ഇത് മിനിറ്റിൽ 95 മി. ലിറ്ററും. പുരുഷന്മാരിൽ മിനിറ്റിൽ 120 മി. ലിറ്ററും ആണ്. ഇതിന്റെ തോത്, പ്രായം, വൃക്കകളുടെ വലുപ്പം, ആരോഗ്യം ഇതെല്ലാം ആശ്രയിച്ചിരിക്കും ക്രിയാറ്റിനിൻ ക്ലിയറൻസ്. നാരങ്ങാ വെള്ളം കുടിക്കുന്നത് മൂലം ക്രിയാറ്റിനിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.