മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള യാത്രയിൽ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത.
തീവ്ര നിലപാടുള്ള മത രാഷ്ട്രവാദികളെ മാറ്റി നിർത്തണം എന്നതാണ് സമസ്തയുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് പ്രാദേശികമായി ആണെന്നും, നിയമസഭ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയാൽ എതിർക്കുമെന്നും സമസ്ത നേതാവ് ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കേരള പര്യടനം കോഴിക്കോട് ജില്ലയിൽ എത്തിയപ്പോൾ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകളെ ക്ഷണിച്ചിരുന്നു. ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജമാഅത്തെ ഇസ്ലാമിക്ക് ക്ഷണം ഉണ്ടായില്ല.