കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൺഡേ സംവാദ് എന്ന പരിപാടിയിലായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം.
സംസ്ഥാനം വരുത്തിയ വലിയ വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായത്. തുടക്കത്തിൽ രോഗത്തെ പിടിച്ചു നിർത്തിയ ശേഷം ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വ്യാപനത്തിന് കേരളം വലിയ വില നൽകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതിന് ശേഷം കേരളം കൈക്കൊണ്ട പ്രതിരോധ നടപടികൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ആദ്യ ഘട്ടത്തിൽ കേരളത്തെ വളരെയധികം പ്രശംസിച്ചിരുന്ന കേന്ദ്ര ആരോഗ്യമന്ത്രി തന്നെയാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.