ഇന്ന് സെപ്റ്റംബർ 21. ലോക അൽഷിമേഴ്സ് ദിനം. എന്താണ് അൽഷിമേഴ്സ്? ആർക്കെല്ലാമാണ് ഈ രോഗം ഉണ്ടാകുന്നത്? എന്തെല്ലാം ലക്ഷണങ്ങൾ ആണ് ഈ രോഗത്തിനുള്ളത്? ഈ രോഗത്തിനുള്ള ചികിത്സകൾ എന്തെല്ലാമാണ്?
മനുഷ്യന്റെ നാഡീ വ്യവസ്ഥകളെ ബാധിക്കുന്ന ഒരുതരം തകരാറാണ് അൽഷിമേഴ്സ് എന്ന രോഗം. മസ്തിഷ്ക കലകളിൽ(Brain cellcells)അലേയമായ പ്രോട്ടീൻ അതായത് മാംസ്യം അടിഞ്ഞുകൂടി നാഡീകോശങ്ങൾ(neurons) നശിക്കുന്ന അവസ്ഥയാണിത്. ഈ രോഗത്തെ ഡിമെന്റിയ (Dementia) എന്നും അറിയപ്പെടുന്നു. മസ്തിഷ്കത്തിന്റെ നാഡീ കോശങ്ങളിൽ അഥവാ ന്യൂറോണുകളിൽ പ്രോട്ടീൻ അടിഞ്ഞുകൂടുകയും ഇവ കാര്യമായി പ്രവർത്തിക്കാതിരിക്കുകയും, ഇതുമൂലം ഈ നാഡീ കലകൾ നശിക്കുകയും ചെയ്യുന്നു. തുടർന്ന് മസ്തിഷ്കം ചുരുങ്ങുകയും പ്രവർത്തനരഹിതം ആവുകയും ചെയ്യുന്നു. ഈയൊരു പ്രതിഭാസത്തെയാണ് അൽഷിമേഴ്സ് എന്ന് പറയുന്നത്.
ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഈ രോഗത്തെ ഒരു \’വിചിത്രം പ്രതിഭാസം\’ എന്ന് വിശേഷിപ്പിക്കുന്നു.60 വയസ്സു മുതൽ ആണ് സാധാരണ ആളുകളിൽ അൽഷിമേഴ്സ് കണ്ടുവരുന്നത്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾ അൽഷിമേഴ്സ് രോഗബാധിതരിൽ ആണ്. ഇവയിൽ ഏറിയപങ്കും വാർദ്ധക്യം ബാധിച്ചവർ ആണെങ്കിലും ഏതു പ്രായക്കാർക്കും ഈ രോഗം ഉണ്ടായേക്കാം. 19 വയസ്സു മുതൽ 49 വയസ്സുവരെയുള്ള ചിലരിലും, ജനിച്ചുവീഴുന്ന കുട്ടികൾ തൊട്ട് 18 വയസ്സ് വരെ പ്രായമുള്ള അപൂർവം ചിലരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. അൽഷിമേഴ്സ് വർഷങ്ങളോളമോ ആജീവനാന്തമോ, അതായത് ജീവിതകാലം മുഴുവനോ നിലനിൽക്കാം.
പത്തോളം ലക്ഷണങ്ങളാണ് ഇതുവരെ അൽഷിമേഴ്സ് രോഗികളിൽ കണ്ടുവരുന്നത്. ഇവയിൽ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ഓർമ്മക്കുറവ്. സ്വന്തം വീടോ വീട്ടുകാരെയോ വഴികളോ തുടങ്ങി, ദിവസം തീയതി എന്നീ കേവലമായ ഓർമ്മകൾ പോലുമില്ലാത്ത അവസ്ഥയാണിത്. ചിന്താശേഷി നഷ്ടപ്പെടുക, ബുദ്ധിമാന്ദ്യം സംഭവിക്കുക, ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരിക എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. തനിക്ക് ചുറ്റും നടക്കുന്നതെല്ലാം ഇത്തരം രോഗികൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ഇവർക്ക് പുതുതായി നടന്ന കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇവർ പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരിൽനിന്ന് അകന്ന് ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവരുടെ മനോനില താറുമാറാക്കുകയും ചുറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
അൽഷിമേഴ്സ് എന്ന ഈ രോഗത്തെ കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് മെഡിക്കൽ രംഗത്ത് ഉയർന്നുവരുന്നത്. നമ്മുടെ ക്രമം തെറ്റിയുള്ള ജീവിതരീതികളും പ്രകൃതിയോട് ഇണക്കം ഇല്ലാത്ത ജീവിതശൈലികളും ആണ് ഈ രോഗത്തിന് കാരണം എന്നാണ് പലരുടെയും അഭിപ്രായങ്ങൾ. ഈ രോഗം പാരമ്പര്യമായി കൈമാറി വരുന്നതും, മസ്തിഷ്കത്തിന് ഏൽക്കുന്ന ബാഹ്യ ക്ഷതങ്ങളിൽ നിന്നും ഉണ്ടാവുന്നതും, പ്രായാധിക്യം മൂലം ഉണ്ടാകുന്നതും ആണെന്നാണ് മറ്റു പലരുടെയും അഭിപ്രായങ്ങൾ.
അൽഷിമേഴ്സ് എന്ന ഈ രോഗത്തെക്കുറിച്ച് ഇന്നും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ വിചിത്ര പ്രതിഭാസം എന്ന് വിളിക്കുന്ന ഈ രോഗത്തിന് ശരിയായ ചികിത്സയോ മരുന്നൊ കണ്ടു പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രങ്ങൾക്കും നിരവധി പ്രമുഖ ശാസ്ത്രജ്ഞർക്കും അൽഷിമേഴ്സ് എന്ന രോഗം എന്താണെന്നും എങ്ങനെയാണ് ഇത് ഉണ്ടാകുന്നതെന്നും പൂർണമായും മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതിനു കാരണം. മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ കാണുന്ന വ്യക്തികൾ ഉടൻതന്നെ ഡോക്ടറിൽ നിന്നും രോഗനിർണയം ചെയ്യണം. ഇത്തരം ലക്ഷണങ്ങൾക്കുള്ള ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില മരുന്നുകൾ ഒരു പരിധിവരെ ഈ രോഗത്തെ താൽക്കാലികമായി ഭേദപ്പെടുത്തും. എങ്കിലും ഈ അസുഖം പൂർണമായി ഭേദപ്പെടാറില്ല. യോഗയിലൂടെയും (meditation) ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അൽഷിമേഴ്സിനെ കുറിച്ച് കൂടുതലായി അറിയാൻ കഴിയാത്തതിനാൽ ഈ രോഗം പൂർണമായി സുഖപ്പെടുത്താൻ കഴിവുള്ള ചികിത്സയും കണ്ടെത്താനായിട്ടില്ല.
ഇതുകൊണ്ടെല്ലാം തന്നെ അൽഷീമേഴ്സ് രോഗികളെ നാം പ്രത്യേകം ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. രോഗത്തിന്റെ അളവ് കൂടുംതോറും ഇത്തരം രോഗികൾ കുഞ്ഞു കുട്ടികൾക്ക് സമന്മാർ ആകുന്നു. അവരുടെ പ്രവർത്തി, സംസാരം, ചിന്ത തുടങ്ങിയ എല്ലാം ബുദ്ധി വളരാത്ത പ്രായത്തിലെ കുട്ടികളെ പോലെയാകുന്നു. അതിനാൽ തന്നെ അവരെ ഒറ്റയ്ക്ക് എവിടെയും പോകാൻ അനുവദിക്കരുത്. ഇവരെ തിരിച്ചറിയാനുള്ള രേഖകൾ എപ്പോഴും കൂടെ ഉണ്ടായിരിക്കണം. രോഗത്തെക്കുറിച്ച് ബോധ്യമുള്ള രീതിയിലായിരിക്കണം അവരോടുള്ള മറ്റുള്ളവരുടെ സമീപനം. കാരണം അവർക്കൊരിക്കലും യുക്തിപരമായ അല്ലെങ്കിൽ സാധാരണ മനുഷ്യൻ രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല…