Site icon MalluChronicle

വിസ്മയമായി ആനപ്പാറ ; വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം

മാള : ആരെയും ആകര്‍ഷിക്കുന്ന പുത്തൻചിറയിലെ കൊമ്പത്തുകടവ് ആനപ്പാറ കൗതുകമാവുന്നു. പാറ ജൈനമത പൈതൃകമാണെന്ന് സൂചനയുണ്ട്.

കേരളത്തില്‍ ജൈനര്‍ എ.ഡി ഏഴാം ശതകത്തില്‍ വാസമാരംഭിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ജൈന മുനികള്‍ പാറയിടുക്കുകളെയും ഗുഹകളെയും ക്ഷേത്രങ്ങളാക്കി പ്രാര്‍ഥിച്ചിരുന്നു. പശ്ചിമ ഘട്ടത്തിലെ ആനമലയും ആനമുടിയും ഇവരുടെ ആവാസ കേന്ദ്രമായിരുന്നെന്ന് രേഖകള്‍ പറയുന്നുണ്ട്. ആനപ്പാറക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പാറകള്‍ കൊണ്ട് നിറഞ്ഞതായിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞു.

ദീര്‍ഘ ഗോളാകൃതിയില്‍ 25 അടി ഉയരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് പാറക്കെട്ടുകളാണ് ആനപ്പാറയായി അറിയപ്പെടുന്നത്. ആകര്‍ഷകമായ പാറക്ക് പിറകിലെ ചരിത്രം കൃത്യമായി പഠന വിഷയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കാലത്തെ അതിജീവിക്കുന്ന പാറ വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്താൻ അധികൃതര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Exit mobile version