![](https://i0.wp.com/malluchronicle.com/wp-content/uploads/2023/06/asianet-news-34-_890x500xt.webp?resize=650%2C365&ssl=1)
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും സ്ഥിരീകരിച്ചു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്.
മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ സംഭവിക്കാം.
ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് 4.30 വരെ ഉപയോഗിക്കാൻ കഴിയുന്നത്ര ഓക്സിജൻ മാത്രമായിരുന്നു മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്.
അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.