
ഇടുക്കി: പൊലീസിനെയും നാട്ടുകാരെയും വെട്ടിലാക്കി പാൽക്കുളം മേട്ടിലെ വിരുതൻ. ആദ്യം ഇവനെ കണ്ട് കാവിക്കൊടി എന്നാണ് എല്ലാവരും കരുതിയത്. പിന്നീട് ഒരു മനുഷ്യൻ മലമുകളിൽ കുടുങ്ങി കിടക്കുകയാണെന്നായിരുന്നു പ്രചാരണം. പൊലീസും അഗ്നിശമനസേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും മല കയറി മുകളിലെത്തിയപ്പോളാണ് ഇത് മനുഷ്യനുമല്ല, കാവിക്കൊടിയുമല്ല കുട്ടികൾ കളിക്കുന്ന ടെഡി ബിയർ ഹൈഡ്രജന്‍ ബലൂണാണ് എന്ന് മനസ്സിലായത്.
ശനിയാഴ്ച്ച രാവിലെ ഇടുക്കി പൊലീസിനാണ് ആദ്യം സന്ദേശം ലഭിച്ചത്. പാല്‍ക്കുളം മലമുകളില്‍ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയില്‍ ടോര്‍ച്ചിന്റെ പ്രകാശം കണ്ടെന്നുമാണ് പൊലീസിന് ലഭിച്ച സന്ദേശം. സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധിച്ചെങ്കിലും മലമുകളിലെത്താനായില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ വിവരമറിയിച്ചു.
ഡെപ്യൂട്ടി റേഞ്ചര്‍ ജോജി എം ജേക്കബിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മല മുകളിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ കളിപ്പാട്ടമായ ടെഡിബെയര്‍ ഹൈട്രജന്‍ ബലൂണാണെന്ന് കണ്ടെത്തുകയായിരുന്നു.