Site icon MalluChronicle

ചീറ്റയെ നിരീക്ഷിക്കാനെത്തിയ സംഘത്തെ പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമണം; ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്..

സംരക്ഷിത വനമേഖലയിൽ നിന്ന് കാണാതായ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോഗിച്ച സംഘത്തിന് നേരെ ഗ്രാമവാസികളുടെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ബുരാഖേഡ ഗ്രാമത്തിൽവെച്ചാണ് ആക്രമണം. ഗ്രാമവാസികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും ഇവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

കല്ലേറിൽ പരിക്കേറ്റ നാല് വനപാലകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീറ്റയുടെ കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് വനംവകുപ്പ് സംഘം അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.

തുടർന്ന് തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം സംഘം കടന്നുപോയി. കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികൾ സംശയിക്കുകയും വെടിയുതിർക്കുകയും ചെയ്തു. എന്നിട്ടും സംഘം പിൻവാങ്ങാതെ വന്നതോടെ കല്ലേറും ആക്രമണവുമുണ്ടായി. 

ചീറ്റയെ തേടി വനംവകുപ്പ് സംഘം വാഹനത്തിൽ ഗ്രാമത്തിൽ പലതവണ ചുറ്റിക്കറങ്ങിയതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം വേണമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ വർമ പറഞ്ഞു

Exit mobile version