![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/images-2022-12-16T083920.652.jpeg?resize=650%2C433&ssl=1)
ദോഹ: നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ടീമിൽ തുടർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍. അതേസമയം നെയ്മര്‍ തിങ്കളാഴ്ച പിഎസ്ജിയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് ക്വാര്‍ട്ടറിലെ വലിയ പരാജയത്തിന് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്മര്‍ ജൂനിയറിന്റെ ആദ്യ വാക്കുകൾ. എന്നാൽ നെയ്മറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡാനി ആൽവെസിനെ പോലുളളവരുടെ സമ്മര്‍ദ്ദം ഫലം കാണുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ വ്യക്തമിക്കുന്നത്. ബ്രസീല്‍ ജേഴ്സിയിലെ ഗോള്‍ നേട്ടത്തിൽ ഒപ്പമെത്തിയതിന് നെയ്മറെ അഭിനന്ദിച്ച ട്വീറ്റിൽ പെലെയും സൂപ്പര്‍ താരം ടീമിൽ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ 30കാരനായ നെയ്മര്‍ അപ്രധാന മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറായേക്കില്ലെന്നാണ് മനസ്സിലാകുന്നത്.
ടിറ്റെയുടെ പകരക്കാരനായി എത്തുന്ന പുതിയ പരിശീലകന്റെ സമീപനവും നിര്‍ണായകമാകും. കോപ്പാ അമേരിക്കയാണ് ബ്രസീലിന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി. 2023ൽ നടക്കേണ്ടിയിരുന്ന കോപ്പ 2024ലേക്ക് മാറ്റിവച്ചിട്ടുണ്ട്. അതേസമയം ലോകകപ്പിന് ശേഷം തിരിച്ചെത്തുന്ന ക്ലബ് ഫുട്ബോള്‍ പോരാട്ടത്തിനുളള തയ്യാറെടുപ്പുകളിലേക്ക് നെയ്മര്‍ ഒരുങ്ങുകയാണ്. ബ്രസീല്‍ ടീമിൽ സഹതാരവും പിഎസ്ജി നായകനുമായ മാര്ക്വീഞ്ഞോസിനൊപ്പം തിങ്കളാഴ്ച നെയ്മര്‍ പാരിസീലെ പരിശീലന ക്യാംപില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 29നാണ് ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജിയുടെ അടുത്ത മത്സരം.