Site icon MalluChronicle

കത്ത് വിവാദം; ക്രൈംബ്രാഞ്ചും വിജിലൻസും ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കും ആണ് സമർപ്പിക്കുക. ഇതിനിടയ്ക്ക് കത്ത് വിവാദത്തിലെ അന്വേഷണം നിലക്കുന്നു എന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ചും വിജിലൻസും.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയില്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയിലാകും അന്വേഷണസംഘം സമര്‍പ്പിക്കുക.

കേസിന്റെ മൊഴി വിവരങ്ങള്‍ ഉള്‍പ്പടെ കേസിന്റെ എല്ലാ അവസ്ഥകളും ഹൈക്കോടതിയെ അറിയിക്കും. പ്രാഥമിക അന്വേഷണം സമയമെടുത്തു പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് തീരുമാനം. നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതും, കംപ്യുട്ടര്‍ പരിശോധിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചെയ്യാനാണ് വിജിലൻസിന്റെ നടപടി.

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം, ബിജെപി കൗണ്‍സിലര്‍മാരുടെ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ പിന്മാറാനുള്ള തീരുമാനമൊന്നും നിലവിലില്ല.

Exit mobile version