![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images281329-1.jpeg?resize=650%2C361&ssl=1)
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും.
തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും രംഗത്തുവന്നിരുന്നു. എസ്എടിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര് അനില്‍ അയച്ച കത്തും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ മുളച്ചത്.
ചിലർക്ക് ബന്ധുനിയമനത്തില്‍ ജോലി നല്‍കിയെന്നായിരുന്നു ആക്ഷേപം. ജീവനക്കാര്‍ തന്നെയാണ് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. ലേ സെക്രട്ടറി മൃദുലയ്ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.
എസ് എ ടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തുവന്നതെന്ന് ഡിആര്‍ അനില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. കത്ത് പുറത്തുവന്നതില്‍ അന്വേഷണം വേണം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. എസ് എ ടി നിയമനങ്ങള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കാത്തുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.