ഒറ്റപ്പാലം: എൽ എസ് എൻ എച്ച് എസ് സ്കൂളിലെ ഏഴു വിദ്യാർത്ഥികൾ കുഴഞ്ഞുവീണു. വിദ്യാർത്ഥികളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലെ ആദ്യത്തെ രണ്ട് പിരീഡ് കഴിഞ്ഞ ശേഷമുള്ള ഇടവേളയിലാണ് സംഭവം നടക്കുന്നത്. പത്താംതരത്തിൽ പഠിക്കുന്ന 7 പേരാണ് ഈ സമയത്തിനുള്ളിൽ കുഴഞ്ഞുവീണത്.
ആദ്യം ഒരു കുട്ടി വീണ ശേഷം തുടരെ തുടരെ മറ്റുള്ളവരും വീഴുകയായിരുന്നു. അപസ്മാരം ഉണ്ടായതിന് തുടർന്നാണ് ആദ്യത്തെ കുട്ടി വീണത്. എന്നാൽ ഇത് കണ്ട് കണ്ടു നിന്നതിനാലാണ് മറ്റു വിദ്യാർഥികളും കുഴഞ്ഞുപോയത് എന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
ഏഴുപേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ ഉറപ്പു വരുത്തിയിട്ടുണ്ട്. പോലീസും ബന്ധപ്പെട്ടവരും ആശുപത്രിയിൽ തന്നെയുണ്ട്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്നാണ് സൂചന.