
തൃശ്ശൂർ: ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യത കുറവാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു
പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമുകൾക്ക് ച ഒരു കിലോ മീറ്റർ ചുറ്റിൽ ഉള്ള പ്രദേശങ്ങളെ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റലുമുള്ള പ്രദേശങ്ങളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും പന്നി, പന്നിമാംസം എന്നിവ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു മേഖലകളിൽ നിന്ന് പന്നികളെ രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഫാമുകളിലെയും എല്ലാ പന്നികളെയും ഉടൻ കൊന്നൊടുക്കുകയും അവയെ മാനദണ്ഡ പ്രകാരം സംസ്കരിക്കുകയും ചെയ്യും.