Site icon MalluChronicle

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം; ആരോഗ്യവകുപ്പിനെ തേടി പരാതിയെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അവയവ മാറ്റാ തസ്തികയിലേക്ക് അനധികൃത നിയമനം എന്ന് ആരോപണം. താൽകാലിക നിയമനങ്ങൾക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി യോഗ്യരായവരെകണ്ടെത്തണം. അങ്ങനെ സാധ്യമായില്ലെങ്കിൽ മാത്രമാണ് പ്രസ്തുത തസ്തികയിലേക്ക് സ്ഥാപനത്തിന് ഇന്റർവ്യൂ നടത്താനുള്ള നിർദ്ദേശം ഉള്ളത്. എന്നാൽ ഇങ്ങനെ ഒരു വ്യവസ്ഥിതിയെ മറന്നുകൊണ്ടാണ് ഈ അനധികൃത നിയമനം നടക്കുന്നതെന്ന് പരാതിയിൽ ഉന്നയിക്കുന്നു.
ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ. ഗണപതി പരാതി നല്‍കി.

മെഡിക്കൽ കോളേജിലെ നെഫ്രോളജി വകുപ്പിൽ അനധികൃതമായി നിയമനം നേടിയ വ്യക്തിയെ ട്രാൻസ്പ്ലാന്‍റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് തിരുകി കയറ്റാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും പരാതിയിൽ പറയുന്നു. ഇരുപത്തി ആറോളം ഉദ്യോഗാർത്ഥികളുടെ അപേക്ഷ ലഭിച്ചതിൽ നിന്ന് നെഫ്രോളജി വകുപ്പിൽ അനധികൃത നിയമനം നേടിയതായി ആരോപിക്കപ്പെടുന്ന വ്യക്തിയുള്‍പ്പടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 29 സെപ്റ്റംബർ 2022 -ൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ബി.എസ്.സി/ എം.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക്ക് ഹെൽത്ത് വിഷയത്തിൽ ബിരുദം ആണ് ട്രാൻസ്പ്ലാന്‍റ് കോ-ഓർഡിനേറ്റർ തസ്തികയുടെ അടിസ്ഥാന യോഗ്യതയായി പറയുന്നത്. ഇതിന് പുറമെ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അംഗീകൃത ഏജൻസിയിൽ നിന്ന് അവയവം മാറ്റിവയ്ക്കല്ലിനെ കുറിച്ചുള്ള പരിശീലനവും യോഗ്യത ആയി പറയുന്നു. ഒരു വർഷത്തേക്ക് ആണ് നിയമനം. 29,535 രൂപയാണ് പ്രതിമാസ ശമ്പളം. ഒക്ടോബർ 19 ആയിരുന്നു ഇതിനായി ഉള്ള അവസാന ദിവസം. പരാതി ശ്രദ്ധിക്കപ്പെട്ടതോടെ നിലവിലെ നിയമനം ഒഴിവാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി യോഗ്യരായവരെ പ്രസ്തുത തസ്തികയിലേക്ക് നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Exit mobile version