കൊച്ചി: എഞ്ചിനീയറിങ് കോളേജിലെ ചോദ്യപേപ്പറില്‍ ഇടംപിടിച്ച് മിന്നല്‍ മുരളി.കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ വിഭാഗം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണു മിന്നല്‍ മുരളിയും ജോസ്മോനും കുറക്കന്‍മൂലയുമെല്ലാം കഥാപാത്രങ്ങളായത്.
കുറുക്കന്മൂലയിലെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി യുഎസില്‍ എത്തി അയണ്‍മാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങള്‍ മെക്കാനിക്കല്‍ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. തിരിച്ചെത്തിയ മുരളിയെ ദേശത്തെ ജനങ്ങള്‍ വെള്ളപ്രശ്നം തീര്‍ക്കാനായി വിളിക്കുന്നു. ടാങ്കിലൂടെയും കനാലിലൂടെയും വെള്ളമൊഴുകുന്ന രീതികളെല്ലാം വിശദമാക്കി മിന്നല്‍ മുരളി പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കേണ്ടത് ഉത്തരക്കടലാസിലൂടെയാണെന്നു മാത്രം.
മെക്കാനിക്സ് ഓഫ് ഫ്ളൂയിഡ്സ് എന്ന വിഷയത്തില്‍ ഇന്നലെ നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മിന്നല്‍ മുരളി സിനിമയുടെ സംവിധായകന് ബേസില്‍ ജോസഫ് സമൂഹമാധ്യത്തിലൂടെ പങ്കുവച്ചതോടെ വൈറലായി. കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കുര്യന് ജോണ്‍ ആണ് ‘മിന്നല്‍’ ചോദ്യപ്പേപ്പറിന്റെ സംവിധായകന്. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മര്‍ദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്നു കുര്യന് പറഞ്ഞു. എന്‍ജിനീയര്‍ കൂടിയായ മിന്നല്‍ മുരളിയുടെ സംവിധായകന് ബേസില്‍ ജോസഫ് ഡോ.കുര്യനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു.