Site icon MalluChronicle

മാപ്പ് പറഞ്ഞാൽ പോരെന്ന് പെൺകുട്ടി; പിങ്ക് പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്ര തുക നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുകയാണുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നത്. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. എത്ര രൂപ നഷ്ടപരിഹാരം നല്‍കാനാകുമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ സര്‍ക്കാരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാനാവൂ എന്നും അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച്ച വരെ കോടതി സമയം അനുവദിച്ചു.

പെണ്‍കുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. എന്നാല്‍ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നാണ് അവര്‍ കോടതിയെ അറിയിച്ചത്.

Exit mobile version