Site icon MalluChronicle

വലുതായാൽ കലക്ടറാവണം ; ബ്രെയിൻ ട്യൂമർ ബാധിതയായ 11കാരി ഒരു ദിവസത്തിന് കലക്ടറായി..

അഹമ്മദാബാദ്: സിവിൽ സർവിസെന്ന സ്വപ്നത്തിന് മാങ്ങലേൽപ്പിച്ച ബ്രെയിൻ ട്യൂമർ ബാധിതയായ 11കാരി അങ്ങനെ ഒരു ദിവസം കലക്ടറായി. ഏഴാം ക്ലാസുകാരിയായ ഫ്ലോറ അസോദിയക്ക് കലക്ടറാവുകയെന്നതായിരുന്നു ജീവിത ലക്ഷ്യം.

എന്നാൽ അടുത്തിടെ അസുഖം മൂർച്ഛിച്ചതോടെ ഫ്ലോറ അസോദി ആശുപത്രിയിലായി. അതിനിടെ കുട്ടിയുടെ ആഗ്രഹപൂർത്തീകരണത്തിനായ ഒരു ദിവസം കുട്ടിയെ കലക്ടറുടെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് അഹമ്മദാബാദ് ജില്ല ഭരണകൂടം.

‘ഗാന്ധിനഗർ സ്വദേശിനിയായ ഫ്ലോറ ബ്രെയിൻ ട്യൂമർ ബാധിതയാണ്. കഴിഞ്ഞ മാസം ഒരു ശസ്ത്രക്രിയക്ക് വിധേയയായതോടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. മേക് എ വിഷ് ഫൗണ്ടേഷനാണ് കുട്ടിക്ക് കലക്ടർ ആകാനായിരുന്നു ആഗ്രഹം എന്ന് പറഞ്ഞത്’ -അഹ്മദാബാദ് കലക്ടർ സന്ദീപ് സാങ്ഗ്ലെ പറഞ്ഞു.

ഫൗണ്ടേഷന്‍റെ അഭ്യർഥന പ്രകാരം കലക്ടർ കുട്ടിയുെട ആഗ്രഹം പൂർത്തീകരിക്കാനായി മാതാപിതാക്കളെ ബന്ധപ്പെട്ടു. ‘ശസ്ത്രക്രിയക്ക് ശേഷം നില വഷളായതിനാൽ മാതാപിതാക്കൾ അവളെ ഒരുദിവസത്തേക്ക് കലക്ടർ ആക്കുക എന്ന തീരുമാനത്തോട് ആദ്യം സമ്മതം മൂളിയിരുന്നില്ല. എന്നാൽ സംസാരിച്ച് അവരെകൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു’- കലക്ടർ പറഞ്ഞു.

അതേസമയം ഫ്ലോറക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാകാനും ലക്ഷ്യം എത്തിപ്പിടിക്കാനും കഴിയട്ടെയെന്നും കലക്ടർ ആശംസിച്ചു. സെപ്റ്റംബർ 25 ന് പിറന്നാൾ ആഘോഷിക്കുന്ന ഫ്ലോറയെ സമ്മാനങ്ങൾ നൽകിയാണ് കലക്ട്രേറ്റിൽ നിന്ന് യാത്രയാക്കിയത്.

Exit mobile version