മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കാമുകന്റെ സഹായത്തോടെയായിരുന്നു ഇരുപത്തിയേഴ് വയസ്സുള്ള യുവതി ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടിയത്.
യുവതിയുടെ ആറ് വയസ്സുള്ള മകള്‍ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ കുട്ടിയാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. റയീസിന്റെ ഭാര്യ ഷാഹിദ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2012 ലാണ് റയീസും ഷാഹിദയും വിവാഹിതരാകുന്നത്. മുംബൈയില്‍ ജോലി അന്വേഷിച്ച് എത്തിയതായിരുന്നു ഇരുവരും. ആറ് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും ഇവര്‍ക്കുണ്ട്.കൊലപാതകത്തില്‍ ഷഹീദയേയും കാമുകന് അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച വീടിന്റെ അടുക്കളയില്‍ നിന്ന് 11 ദിവസം പഴക്കമുള്ള റയീസിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു.
അടുക്കളയില്‍ മൂന്നടി താഴ്ച്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പന്ത്രണ്ട് മണിക്കൂറോളം കുഴിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
മെയ് 25ന് ദാഹിസാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മെയ് 21 ന് വീട്ടില്‍ നിന്ന് പോയ ഭര്‍ത്താവ് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹത്തെ ഫോണിലും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഷഹീദയുടെ പരാതിയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടയില്‍ മെയ് 25 ന് മുംബൈയില്‍ എത്തിയ റയീസിന്റെ സഹോദരന് അനീസിന് തോന്നിയ സംശയങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നീങ്ങാന്‍ കാരണം.ഷഹീദ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുന്നുവെന്നും അവര്‍ എന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു അനീസ് പൊലീസിനെ അറിയിച്ചത്.
ജൂണ്‍ 1 ന് അന്വേഷണത്തിന്റെ ഭാഗമായി റയീസിന്റെ വീട്ടിലെത്തിയ പൊലീസ് അടുക്കളയിലെ ടൈലുകള്‍ പൊട്ടിക്കിടക്കുന്നതും നിരവധി ടൈലുകള്‍ കാണാത്തതും സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് ഷഹീദയെ ചോദ്യം ചെയ്തതോടെയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടിയ കാര്യം ഷഹീദ സമ്മതിക്കുന്നത്.
ആറ് വയസ്സുള്ള മകളും പൊലീസിനോട് ഇതേ സംഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. താന്‍ നേരിട്ട് കണ്ടതാണെന്നും കുട്ടി പറഞ്ഞു. വിവരം പുറത്തു പറഞ്ഞാല്‍ തന്നേയും ഇതുപോലെ കൊന്ന് കുഴിച്ചു മൂടുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും മകള്‍ പൊലീസിനോട് പറഞ്ഞു.
അയല്‍വാസിയായ അമിസ് മിശ്രയുമായി ഉണ്ടായിരുന്ന ബന്ധം റയീസ് അറിഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഷഹീദ പൊലീസിനോട് പറഞ്ഞത്. അമിതുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ റയീസ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഷഹീദ കാമുകനൊപ്പം ചേര്‍ന്ന് തീരുമാനിച്ചു.
മെയ് 22 ന് അമിത് ആറ് വയസ്സുള്ള റയീസിന്റെ മകളുടെ മുന്നില്‍ വെച്ച് അദ്ദേഹത്തെ തലയ്ക്കടിച്ചു കൊന്നു. ശേഷം മൃതദേഹം മൂന്ന് കഷ്ണമാക്കി മുറിച്ച് കുളിമുറിയില്‍ സൂക്ഷിച്ചു. ഇതിന് ശേഷമാണ് അടുക്കളയില്‍ കുഴിച്ചിട്ടത്.