Site icon MalluChronicle

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരന്‍ ജവാദ് (35), ഇവരുടെ സഹോദരീ പുതനായ സഹ്വാന്‍ (16) എന്നിവരാണ് മരിച്ചത്. എട്ടംഗ സംഘമാണ് പൊന്മുടിയിലേക്ക് വിനോദസഞ്ചാരത്തിന് പുറപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഇവിടേക്കുള്ള റോഡ് മോശമായതിനാല്‍ കല്ലാറില്‍ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ കയത്തില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ കല്ലാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. പ്രദേശവാസികളും റിസോര്‍ട്ട് ജീവനക്കാരും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കയത്തിലിറങ്ങിയതെന്ന് ആരോപണമുണ്ട്.

പ്രദേശത്തേക്കുള്ള വഴി അടച്ചിരുന്ന മുള്ളുവേലി സംഘം എടുത്ത് മാറ്റുകയായിരുന്നു. ഈ പ്രദേശത്ത് സമാന സംഭവങ്ങല്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version