Site icon MalluChronicle

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ഇന്നത്തെ (17 /09/2021) ചില പ്രധാന വാർത്തകൾ

🇦🇪 യുഎഇയിൽ മൂടൽമഞ്ഞ്; പ്രത്യേക അറിയിപ്പുമായി അധികൃതർ..

🇦🇪 പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഈ വർഷം നീണ്ട രണ്ടു വരാന്ത്യ അവധികൾ കൂടി..

🇰🇼 കുവൈത്തിൽ പെട്രോളിയം മേഖലയില്‍ അനവധി തൊഴില്‍ അവസരങ്ങള്‍.

🇸🇦 അധ്യാപകനെ തുപ്പിയ സ്കൂൾ ലീഡർക്ക് ജയിൽ ശിക്ഷ.

🇴🇲 ഒമാനില്‍ വിദേശികള്‍ക്ക് വീടുകള്‍ വാങ്ങുന്നത് ഇനി എളുപ്പമാകും; പുതുക്കിയ നിബന്ധനകള്‍ ഇങ്ങനെ .

🇧🇭 ബഹറൈന്‍ കോസ്‌വേ ; പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് യാത്രാനുമതി.

🇶🇦 ഖത്തര്‍ ലോകകപ്പിന് വേണ്ടി ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത് മലയാളി പ്രവാസി.

വാർത്തകൾ വിശദമായി ;

യുഎഇയിൽ മൂടൽമഞ്ഞ്; പ്രത്യേക അറിയിപ്പുമായി അധികൃതർ..

യുഎഇ : ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ രാത്രിയിൽ മൂടൽ മഞ്ഞ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഹ്യൂമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിപ്പിൽ പറയുന്നു. യുഎഇയുടെ ചില ഭാഗങ്ങളിൽ മേഘാവൃതമായ ആകാശത്തോടുകൂടിയ ചൂടുള്ള ദിവസമായിരിക്കും. നാഷണൽ സെന്റർ ഓഫ് മെട്രോളജിയുടെ അറിയിപ്പ് (NCM) അനുസരിച്ച് ആകാശം ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറയിൽ മേഘാവൃതമായതായി കാണപ്പെടും പ്രത്യേകിച്ചും ഉച്ചതിരിഞ്ഞ് മേഘം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് ആവർത്തിച്ച് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15–25 കി.മീ വേഗതയിൽ,ചില സമയങ്ങളിൽ 35 കി.മീ. വേഗത പ്രതീക്ഷിക്കാം

പൊടിക്കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ദുബായിൽ ഇപ്പോൾ 28 ഡിഗ്രി സെൽഷ്യസാണ്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാത്രിയും ശനിയാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതിഗതികൾ പൊതുവെ ശാന്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രവാസികൾക്ക് സന്തോഷ വാർത്ത ;ഈ വർഷം നീണ്ട രണ്ടു വരാന്ത്യ അവധികൾ കൂടി..

അബുദാബി: യു.എ.ഇയില്‍ ഈ വര്‍ഷം രണ്ട് നീണ്ട വാരാന്ത്യ അവധി കൂടി. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (ഒക്ടോബര്‍ 21 വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ) ലഭിക്കാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച വരെ യു.എ.ഇ ദേശീയ ദിനവും അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ അവധിയും ലഭിക്കും.

മെയ് മാസത്തില്‍ ഈദ് അല്‍ ഫിത്തറിന്റെ അവധിയും ജൂലൈയില്‍ ഈദ് അല്‍ അദയുടെ അവധിയും ഇസ്ലാമിക പുതുവര്‍ഷത്തിന്റെ മൂന്നു ദിവസത്തെ അവധിയും നേരത്തെ ലഭിച്ചിരുന്നു.

കുവൈത്തിൽ പെട്രോളിയം മേഖലയില്‍ അനവധി തൊഴില്‍ അവസരങ്ങള്‍..

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷനിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും 1,491 സാങ്കേതിക തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് കണക്കുകൾ ഈ വർഷം ജൂൺ അവസാനത്തെ കണക്കനുസരിച്ചാണിത്ഇവയിൽ ഭൂരിഭാഗവും കുവൈറ്റ് ഓയിൽ കമ്പനി (KOC), കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നിവയിലാണ്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി തൊഴിലാളികളില്‍ കുറച്ച് പേരെ പിരിച്ചു വിട്ടതുമാണ് ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. 

കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകളുണ്ട്. നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഇത് 736 ആണ്. കുവൈത്തി ഓയില്‍ ടാങ്കേഴ്സില്‍ 57 ഒഴിവുകളാണ് ഉള്ളത്.ഭാവിയിലെ പദ്ധതികളുടെയും എണ്ണമേഖലയിലെ മൊത്തത്തിലുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ തൊഴിൽ പ്രത്യേക തൊഴിൽ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾക്കനുസൃതമായി എണ്ണ മേഖലയിൽ ലഭ്യമായ തൊഴിൽ ഒഴിവുകൾ കണക്കാക്കുന്നുവെന്നും അതിനുശേഷം നിയമനം നടത്തുന്നുവെന്നും കമ്പനികൾ അറിയിച്ചു.

അധ്യാപകനെ തുപ്പിയ സ്കൂൾ ലീഡർക്ക് ജയിൽ ശിക്ഷ..

മക്ക: സൗദി അറേബ്യയില്‍ അധ്യാപകനെ അധിക്ഷേപിച്ച സ്‌കൂള്‍ ലീഡര്‍ക്ക് 10 ദിവസത്തെ ജയില്‍ ശിക്ഷ. മക്കയിലെ റാബിഗ് ഗവര്‍ണറേറ്റിലെ ജനറല്‍ കോടതി പുറപ്പെടുവിച്ച വിധി മക്ക അല്‍-മുക്കറമ മേഖലയിലെ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. 

അധ്യാപകനെ തുപ്പുകയും താടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു എന്നാണ് സ്‌കൂള്‍ ലീഡര്‍ക്ക് എതിരെയുള്ള പരാതി. സ്‌കൂളിലെ ഒരു മുറിയില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധ്യാപകന്‍ പരാതിയില്‍ പറയുന്നു. 

അതേസമയം, കേസില്‍ റാബിഗിലെ ജനറല്‍ കോടതി മാപ്പ് ചോദിക്കാന്‍ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് വിധി റദ്ദാക്കുകയും പ്രതിയെ 10 ദിവസത്തേക്ക് തടവിലാക്കിക്കൊണ്ട് അന്തിമ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

സമൂഹത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന എല്ലാ പ്രവൃത്തികളെയും അപലപിക്കുന്ന തൊഴില്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ ഒമ്പത് അനുസരിച്ച് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ ലീഡര്‍ക്ക് പിഴ ചുമത്തണമെന്നും അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു.

ഒമാനില്‍ വിദേശികള്‍ക്ക് വീടുകള്‍ വാങ്ങുന്നത് ഇനി എളുപ്പമാകും; പുതുക്കിയ നിബന്ധനകള്‍ ഇങ്ങനെ..

ഒമാനിൽ വിദേശികൾക്ക് വീടുകൾ സ്വന്തമായി വാങ്ങുന്നതിനായുള്ള നിബന്ധനകൾ ഭവന നഗര വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനിൽ കുറഞ്ഞത് രണ്ട് വർഷത്തെ താമസ വിസയുള്ള 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളിൽ പാട്ട വ്യവസ്ഥയിലാണ് വീടുകൾ കൈമാറാൻ കഴിയുക.

99 വർഷത്തെ പാട്ട വ്യവസ്ഥയാണ് ഉണ്ടാവുക. മസ്കത്ത് ഗവർണറേറ്റിൽ 45,000 റിയാലും അതിന് മുകളിലും മൂല്യമുള്ളവയാണ് വിൽപന നടത്താൻ പാടുള്ളൂ. മറ്റ് ഗവർണറേറ്റുകളിലാകട്ടെ മൂല്യം 35000 റിയാലിൽ താഴെയാകാൻ പാടില്ല. ആദ്യ ഘട്ടത്തിൽ മസ്കത്തിൽ ബോഷർ, സീബ്, അമിറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് വിദേശികൾക്ക് വിൽക്കാൻ അനുമതിയുള്ളത്. സ്വന്തമായി വാങ്ങാൻ കഴിയാത്ത പക്ഷം രക്തബന്ധനത്തിലുള്ള വിദേശിയുമായി പങ്കാളിത്തത്തോടെയും വാങ്ങാൻ സാധിക്കും. ഉടമ മരണപ്പെടുന്ന പക്ഷം നിയമപരമായ അവകാശിക്ക് പാട്ടകരാർ കൈമാറുന്നതാണ്. നാല് വർഷത്തിൽ താഴെ പഴക്കമുള്ളതാകണം കെട്ടിടങ്ങൾ. ഒമാനിലെ താമസാനുമതി കഴിയാത്ത പക്ഷം വിദേശിക്ക് വസ്തുവാങ്ങി നാല് വർഷം കഴിയാതെ വിൽപന നടത്താൻ അനുമതിയുണ്ടായിരിക്കില്ല.

ബഹറൈന്‍ കോസ്‌വേ ; പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് യാത്രാനുമതി..

സൗദി ബഹറൈന്‍ കോസ്‌വേ വഴി പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യതയുള്ളതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി സൗദി ബഹറൈന്‍ കോസ്‌വേ വഴി യാത്രാനുമതി നല്‍കുന്നതിനാണ് സമിതിയുടെ ശുപാര്‍ശ. രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അനുമതി ലഭ്യമാക്കുക എന്ന് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്നതും വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം വര്‍ധിച്ചതുമാണ് നിയന്ത്രണം നീക്കുന്നതിന് സാഹചര്യമൊരുക്കിയത്. അനുമതി ലഭ്യമാക്കുന്നതിന് ജവാസാത്ത് വിഭാഗവും അപേക്ഷ നല്‍കി കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായി കോസ്‌വേ വഴി പുറത്തേക്ക് പോകുന്നതിന് അനുമതി പരിമിതപ്പെടുത്തിയത്.

ഖത്തര്‍ ലോകകപ്പിന് വേണ്ടി ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത് മലയാളി പ്രവാസി..

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത് കോഴിക്കോട് ഒളവണ്ണ സ്വദേശി ഫഹദ്. ഫഹദ് ഡിസൈന്‍ ചെയ്ത രണ്ടു ഉല്‍പ്പന്നങ്ങളാണ് ലോകകപ്പിന്റെ ഔദ്യോഗിക ഉല്‍പ്പന്നങ്ങളായി വിപണിയില്‍ ഇറങ്ങാന്‍ പോകുന്നത്.

ഡഫിള്‍ ബാഗ്, മെഴുകുതിരി എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഖത്തറും ഫിഫയും അനുമതി നല്‍കിയിരിക്കുന്നത്. 2022 പകുതിയോടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുമെന്ന് ഫഹദ് പറഞ്ഞു.

ലോകകപ്പ് അധികൃതര്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ഡിസൈന്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ആറു കാറ്റഗറിയിലേയ്ക്കായിരുന്നു മത്സരം. ഫഹദ് രണ്ടു കാറ്റഗറിയിലേയ്ക്ക് നല്‍കിയ ഡിസൈന്‍ ലോകകപ്പ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

രണ്ടു ഡിസൈനിനും കൂടി 10000 ഖത്തര്‍ റിയാല്‍ അതായത് രണ്ടു ലക്ഷം ഇന്ത്യന്‍ രൂപയാണ് സമ്മാനമായി ലഭിച്ചത്. ബ്ലൂ സലൂണ്‍ ഓഫീസില്‍ വെച്ചായിരുന്നു തുക കൈമാറിയത്.

കൂടാതെ ലോകകപ്പിന് വേണ്ടി ഫിഫ വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രത്യേകം തെരഞ്ഞെടുത്ത ഫാന്‍ ലീഡേഴ്‌സില്‍ ഒരാള്‍ കൂടിയാണ് ഫഹദ്. വിവിധ വൊളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍, യാത്ര, 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയതിന്റെ പരിചയം എന്നിവ മുന്‍നിര്‍ത്തിയാണ് ഫാന്‍ ലീഡറാവാന്‍ ഫഹദിനെ തിരഞ്ഞെടുത്തത്.

ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ബ്രാന്‍ഡ് ഡിസൈനര്‍ ആയി ജോലി ചെയ്യുകയാണ് ഫഹദ്. മീഡിയാ വണ്ണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Exit mobile version