സെക്രട്ടേറിയറ്റിൽ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്, നിയമസഭ സെക്രട്ടറിക്ക് നല്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി.
ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണെന്നും രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് കത്തില്‍ പറഞ്ഞു. വരുന്ന രണ്ടാഴ്ച സമയത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ രോഗവ്യാപനം രൂക്ഷമായിത്തുടങ്ങിയത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.