Site icon MalluChronicle

ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥി സൗഹൃദപരമാക്കണം; നിർദ്ദേശങ്ങളുമായി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല..

കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ അധ്യയനം വിദ്യാർഥി സൗഹൃദപരമാക്കുവാൻ ഉതകുന്ന നിർദ്ദേശങ്ങളുമായി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സിൻഡിക്കേറ്റിന്റെ അക്കാദമിക്, സ്റ്റുഡന്റ് വെൽഫെയർ ഉപസമിതികൾ നൽകിയ ശുപാർശകൾ വൈസ് ചാൻസലർ ഡോ.എം എസ് രാജശ്രീ അംഗീകരിക്കുകയായിരുന്നു.

ജൂൺ മാസം ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓൺലൈനായി തുടരും. രാവിലെ 8.30ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം ദിവസം അഞ്ചു മണിക്കൂറായി നിജപ്പെടുത്തുകയും വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഇടവേളകൾ ഉണ്ടാകണമെന്നും നിർദ്ദേശിച്ചു. എന്നാൽ, ഹോണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധിദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.

മാത്രമല്ല,ഓൺലൈൻ ക്ലാസുകളുടെ പൂർണ്ണമായ സമയക്രമം കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തത്സമയ ക്ലാസുകൾക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണമെന്നും നിർദേശം നൽകി. ക്ലാസുകൾക്കായി സജ്ജമാകാനായുള്ള പഠന വീഡിയോകളും പാഠ്യസഹായികളും മറ്റും വിദ്യാർഥികൾക്ക് നേരത്തെ നൽകണം. ക്ലാസുകളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന \’ഫ്ലിപ്പ് ക്ലാസ്റൂം\’, \’ആക്റ്റീവ് ലേർണിംഗ്\’ തുടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കണം.

ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്തത മൂലം ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാത്ത വിദ്യാർഥികളുമായി അധ്യാപകരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെടുകയും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാതെ പോകുന്ന വിദ്യാർഥികളുടെയും തുടർപഠനം കോളേജ് അധികാരികൾ ഉറപ്പു വരുത്തുകയും ചെയ്യണം. ഓൺലൈൻ ഹാജർ സംബന്ധിച്ച വിഷയങ്ങളിൽ വിദ്യാർഥികളോട് അനുഭാവപൂർവമായ സമീപനം കൈക്കൊള്ളണം.

Exit mobile version