Site icon MalluChronicle

എന്താണ് സൗഹൃദം…!

നമ്മുടെ  ജീവിതത്തിലെ ഒരു മാസ്മരിക ലോകമാണ്  സൗഹൃദം. നമ്മെ നാമാക്കി മാറ്റാനും  നമ്മളല്ലാതാക്കി മാറ്റുവാനും കഴിയുന്ന ഒരു താഴ്വര. വേദനകളും സന്തോഷവും പങ്കുവെക്കാൻ കഴിയുന്ന ആ താഴ്വരയിൽ നമുക്ക് നല്ലതും ചീത്തയുമായ ധാരാളം കാര്യങ്ങളുണ്ട് നേടിയെടുക്കാൻ.  ജീവിതയാത്രയിൽ  സൗഹൃദം വല്ലാത്ത പിൻബലമാണല്ലോ !അതെ.  ഈ എളിയ ജീവിതയാത്രയിൽ  പല സാഹചര്യങ്ങളിലും അതിന്റെ നിറമാർന്ന അനുഭൂതി നുകർന്നവരാണ് നമ്മൾ. 
ദുഃഖത്തിന്റെ നിലയില്ലാ കയത്തിലൂടെ നീന്തി നടക്കുമ്പോൾ ഒരു കച്ചിതുരുമ്പായി നമ്മെ ചേർത്തണക്കുന്നവർ. തോളിലൊന്ന് തട്ടി, പോട്ടെ… എന്നൊരു വാക്ക്. അത് മതി എല്ലാം മറന്നൊന്ന് മനസ് ശാന്തമാകാൻ.  പരാജയത്തിന്റ   അവസാന പടിക്കെട്ടിൽ  നിന്നും  ഏറ്റവും ഉയർന്ന പടി വരെയും എത്തിക്കാൻ  കഴിയുന്ന ഒരു പോസറ്റീവ് എനർജിയാണ് സൗഹൃദം.  നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കളെക്കാൾ മുന്നിലാണോ  എന്ന് ചോദിച്ചാൽ, അല്ല എന്ന് പറയാം. പക്ഷേ മാതാപിതാക്കൾക്ക് കഴിയാത്ത പലതും ആ സൗഹൃദത്തിനു കഴിയും. 
ഒരുപാട് സുഹൃത്തുക്കൾ നമുക്കുണ്ടാകും.ശരിയാണ്. പക്ഷേ എല്ലാവരും നമ്മുടെ ബെസ്റ്റ് ആകണമെന്നില്ല.  നമ്മുടെ എല്ലാ തൊട്ടിത്തരത്തിനും കൂട്ട് നിൽക്കുന്നവരെ നല്ല  സുഹൃത്ത് എന്ന് പറയാൻ  കഴിയില്ല. തെറ്റ് കാണുമ്പോൾ \”വേണ്ട അത് തെറ്റാടാ\” എന്ന് മുഖത്തു നോക്കി പറഞ്ഞു തന്ന് ശകാരിക്കാനും ഒപ്പം ചേർത്ത് പിടിക്കാനും കഴിയുന്നവരാണ് യഥാർത്ഥ സുഹൃത്ത്.  നമുക്ക് ഒരു സങ്കടം  വരുംമ്പോൾ  കണ്മുന്നിൽ എത്താൻ സാധിച്ചിട്ടില്ലയെങ്കിലും  മെസേജിന്റെ രൂപത്തിലോ ഒരു വിളിയുടെ രൂപത്തിലോ നമ്മുടെ അടുത്തെത്തുന്നവർ. പല സുഹൃത്തുക്കളെയും  നാം നേരിൽ കണ്ടിട്ടു പോലും ഉണ്ടാകില്ല. എങ്കിലും അവരുടെ സാമീപ്യം മനസ്സ് കൊണ്ട് നാം അറിയും. 
ചിലരുടെ വാക്കുകൾ അത് നമ്മെ വല്ലാതെ എഫക്ട് ചെയ്യും.ആ വാക്കുകൾക്ക് നമ്മിൽ ഒരു പ്രകമ്പനം സൃഷ്ടിക്കാൻ കഴിയും. പിന്നീടങ്ങോട്ട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുവാൻ പഠിപ്പിക്കുന്ന വാക്ക്. ഒരു വ്യക്തി നന്നാവാൻ നമ്മളിലെ ചില വാക്കുകൾ മതിയാകും. ചിലപ്പോഴെങ്കിലും  ഒരാളെ മോശമാക്കാനും അങ്ങനെ ഒരു വാക്ക് മതി.  ആണും പെണ്ണും  ഒന്നിച്ചു യാത്ര ചെയ്താൽ, പോട്ടെ ഒന്ന് സംസാരിച്ചാൽ അത്  മോശമാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട് ഈ സമൂഹത്തിൽ.ഒരു ആണിനും പെണ്ണിനുമിടയിൽ നല്ലൊരു സൗഹൃദം നിലനിൽക്കുന്നുണ്ട്. 
 
നല്ല സുഹൃത് വലയമുള്ളവർ എപ്പോഴും മരുഭൂമിയിലൊരു  വസന്തകാലത്തിൽ  വിരിഞ്ഞ അപൂർവ വൃക്ഷത്തിലെ ഒരിക്കലും വാടാത്ത പൂക്കളായിരിക്കും.  നല്ല സൗഹൃദങ്ങൾ നാം ഒരിക്കലും ഒരു വാശിയുടെ പേരിൽ നഷ്ട്ടമാക്കരുത്. സൗഹൃദം,അത് മനസ്സിന്റെ കരുത്താണ്. പ്രതീക്ഷയാണ്…

Exit mobile version