Site icon MalluChronicle

കേരള സർക്കാരിന്റെ \’പ്രതീക്ഷ\’ ഇന്നു മുതൽ

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈൻ ആംബുലൻസ്  \’പ്രതീക്ഷ\’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.  മറ്റ് രണ്ട് ആംബുലൻസുകളായ പ്രത്യാശ , കാരുണ്യ എന്നിവയുടെ ഫ്ലോട്ടിങ്ങ് ചടങ്ങുകൾ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയും, ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാലും  ഇതോടൊപ്പം നടത്തി.   23 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള മറൈൻ ആംബുലൻസിന് മണിക്കൂറിൽ 14 നോട്ട് വേഗതയിൽ സഞ്ചരിക്കാനും കടലിൽ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനും സാധിക്കും. 
ഒരേ സമയം അഞ്ചു പേർക്ക് ക്രിട്ടിക്കൽ കെയർ, 24 മണിക്കൂറും സന്നദ്ധരായ പാരാ മെഡിക്കൽ സ്റ്റാഫുകൾ, പ്രത്യേക പരിശീലനം ലഭിച്ച 4 സീ റെസ്ക്യൂ സ്‌ക്വഡുകൾ , പോർട്ടബിൾ മോർച്ചറി, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് ആംബുലൻസുകൾ ഇന്ന് കടലിൽ ഇറങ്ങിയത്. 23 മീറ്റർ നീളവും, 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽ പെടുന്ന 10 പേരെ ഒരേ സമയം കിടത്തി പ്രാഥമിക ശുശ്രൂഷ നൽകാനും, കരയിലെത്തിക്കാനും സാധിക്കും. കേരള സംസ്ഥാന ഉൾനാടൻ നാവിഗേഷൻ കോർപ്പറേഷൻ ബോട്ടുകളിൽ പരിശീലനം ലഭിച്ച സാങ്കേതിക ഉദ്യോഗസ്ഥരെയാണ് മറൈൻ ആംബുലൻസുകളിൽ നിയമിച്ചിരിക്കുന്നത്. 
പ്രതീക്ഷ തിരുവന്തപുരത്തെ വിഴിഞ്ഞത്തും, പ്രത്യാശ എറണാകുളം വൈപ്പിനിലും, കാരുണ്യ കോഴിക്കോട് ബേപ്പൂരിലുമായാണ് ഇന്ന് ഇറങ്ങിയത്. \’മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ വർഷാവർഷം 30 ഓളം മൽസ്യത്തൊഴിലാളികൾ മരണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മറൈൻ ആംബുലൻസിൻറെ സേവനം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സികുട്ടി അമ്മ നേരത്തെ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 
2018 ലാണ് മൂന്ന് മറൈൻ ആംബുലൻസുകൾ വാങ്ങുന്നതിന്  കൊച്ചി ഷിപ്പ്‌യാർഡുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത്. അന്ന് വില 18.24 കോടി രൂപയായിരുന്നു. തുടർന്ന് ഒരു ആംബുലൻസിന്റെ ചെലവ് വഹിക്കാൻ ഭാരത് പെട്രോളിയം തയ്യാറായി. തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ  ഫണ്ടിൽ നിന്ന് 3 കോടി രൂപയും, മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കേരള സർക്കാർ 7.3 കോടി രൂപയും അനുവദിച്ചാണ് മറൈൻ ആംബുലൻസുകൾ നിർമ്മിച്ചത്. ഒപ്പം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ആംബുലൻസിനാവശ്യമായ സാങ്കേതിക പ്രവർത്തങ്ങൾ എല്ലാം ഏറ്റെടുത്തിരുന്നു. 
Exit mobile version