Site icon MalluChronicle

നടി കാവ്യ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്. ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.

തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.

സാക്ഷി എന്ന നിലയിൽ സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യക്ക് നിയമപരമായ അവകാശമുണ്ട്. എന്നാൽ പദ്മസരോവരത്തിൽ ചോദ്യം ചെയ്യാൻ പൊലീസിന് താൽപര്യമില്ല. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലന്നാണ് റിപ്പോർട്ടുകൾ

Exit mobile version