Site icon MalluChronicle

12 അദ്ധ്യായങ്ങളുള്ള, ചെറുതെന്നാലും അതിവിശാലമായ, മനോഹരവും തീക്ഷ്ണവുമായ ഒരു നാടൻ പ്രണയകഥ… !


12 അദ്ധ്യായങ്ങളുള്ള, ചെറുതെന്നാലും വിശാലമായ, നാടൻ സംഭാഷണശൈലിയിൽ വളരെ ലളിതമായ, മനോഹരവും തീക്ഷണവും വേദനാജനകവുമായ ഒരു പ്രണയകഥ!. അതെ, അതാണ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച എഴുത്തുകാരനായ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ \’ബാല്യകാല സഖി \’. 
വൈക്കം തലയോലപ്പറമ്പിൽ ജനിച്ച് സ്വാതന്ത്ര സമര സേനാനിയായും സാഹിത്യനിലകളിൽ പ്രശസ്തനായും മലയാളമണ്ണിനെ വാനോളമുയർത്തിയ എഴുത്തുകാരനാണ് ബഷീർ. അദ്ദേഹത്തിന്റെ രചനാ വൈഭവം നിറഞ്ഞുനിൽക്കുന്ന ഒരു കൃതിതന്നെയാണ് ബാല്യകാലസഖി. കഥയുടെ ഓരോ വഴിത്തിരിവിലും അത് വ്യക്തമാണ്. മജീദ്, സുഹറ, മജീദിന്റെ ഉപ്പ, ഉമ്മ, രണ്ട് സഹോദരികൾ, സുഹറയുടെ ഉപ്പ, ഉമ്മ, രണ്ട് സഹോദരികൾ എന്നീ കഥാ പാത്രങ്ങളോടുകൂടിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവിടെ കഥ തുടങ്ങുന്നത് നായകകഥാപാത്രമായ മജീദും നായികാകഥാപാത്രമായ സുഹ്റയും തമ്മിലുള്ള ശത്രുതയെ വിവരിച്ചാണ്. അവർക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളും ആ തർക്കങ്ങളിലൂടെ തന്നെ അവർ സുഹൃത്തുക്കളായി മാറുന്നതും വളരെ മനോഹരമായി ബഷീർ ഇവിടെ വരച്ചുകാട്ടുന്നു. 
പിന്നീട് അവർ ഒരുമിച്ച് പൂന്തോട്ടം നിർമ്മിക്കുന്നതും  അതിനായി ചെടിക്കമ്പുകൾ ശേഖരിച്ചു വരുംവഴി, ഒരു സ്വപ്ന ലോക ജീവിയായ മജീദ് തന്റെ ഭാവിവധു ഒരു രാജകുമാരിയാണെന്ന് പറയുകയും ചെയ്യുന്നു. ആ രാജകുമാരി ആരാണെന്ന സുഹ്റയുടെ ചോദ്യത്തിന് \’അതൊക്കെയുണ്ട് \’എന്നാണ് മജീദ് ഉത്തരം നൽകുന്നത്. സങ്കടത്തോടെയും ദേഷ്യത്തോടെയും സുഹറ അവളുടെ കയ്യിലുള്ള ചെടിക്കമ്പുകൾ നിലത്തേക്കിടുന്നു. 
\’ ഞാമ്പരണില്ല ചെറുക്കന്റെ കൂട്ടത്തീ ; രാജകുമാരീനെക്കൊണ്ട് എടുപ്പീര് \’ എന്നുപറഞ്ഞ് അവൾ പരിഭവം വ്യക്തമാക്കുന്നു. അതുകേട്ട് മനസ്സലിഞ്ഞ് മജീദ് അവളോട് പറയുന്നു:
\’സുഹ്‌റായാണ് എന്റെ….. \’
\’?\’
\’രാ….ജ…. കു…. മാ…. രീ…. \’
 ഇവിടെ നിന്നും ആണ് അവരുടെ പ്രണയം തുടങ്ങുന്നത്. കുട്ടിക്കാലത്തെ കളിചിരികളോടും സൗഹൃദത്തോടും കൂടി തന്നെ അവരുടെ പ്രണയവും വളർന്നു. അതിനിടയിലെ കൊച്ചുകൊച്ചു സംഭവവികാസങ്ങളും, സുഹ്റയുടെ ഉപ്പയുടെ മരണവും അവളുടെ പഠനം നിന്നു പോകുന്നതും അങ്ങനെയങ്ങനെ എല്ലാ കാര്യങ്ങളും ബഷീർ വളരെ മനോഹരമായും ലളിതമായും ഇവിടെ അവതരിപ്പിക്കുന്നു.
 

കഥയുടെ ആദ്യഭാഗത്തിൽ,  കണക്കിൽ മോശമായ  മജീദിനെ \’ ഉമ്മിണി വല്യ ഒന്ന് \’ എന്നുപറഞ്ഞ് മറ്റുള്ളവർ കളിയാക്കുന്നതും പിന്നീട് സുഹ്റയുടെ സഹായത്തോടെ അവൻ കണക്കിൽ ഒന്നാമൻ ആകുന്നതും തുടങ്ങി, അവരുടെ ബാല്യത്തെ നർമ്മപരമായിതന്നെ ബഷീർ ഇവിടെ അവതരിപ്പിച്ചു. പിന്നീട് കൗമാരക്കാരനായ മജീദിനെ അവന്റെ ബാപ്പ ഒരു ഉത്തരവാദിത്വം ഏൽപ്പിക്കുകയും അതിൽ പിഴവു പറ്റിയ മജീദിനെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. ഇവിടെയാണ് കഥയുടെ വഴിത്തിരിവ്. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട മജീദ് ദൂരെ ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിക്കുകയും ഒരുപാട് മനുഷ്യ ജീവിതങ്ങളെ പറ്റി പഠിക്കുകയും ചെയ്യുന്നു. അതിനിടയിലും സുഹറ യോടുള്ള തന്റെ പ്രണയം അവൻ കാത്തുസൂക്ഷിക്കുന്നു.
 കാലങ്ങൾക്ക് ശേഷം തിരികെ അവൻ വീട്ടിലെത്തുമ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായി മാറിയിരുന്നു. അവിടെ അവന് കാണാൻ കഴിയുന്നത് പ്രതാപമെല്ലാം നഷ്ടപ്പെട്ട തന്റെ കുടുംബത്തെയും,  കല്യാണം കഴിഞ്ഞ സുഹറയെയുമാണ്. കുടുംബ ജീവിതം സുഖകരമല്ലാതിരുന്ന സുഹ്റ, ഭർതൃവീട്ടിൽ നിന്നും തിരികെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. പിന്നീട് സുഹറയും മജീദും തമ്മിലുള്ള പ്രണയബന്ധം വീണ്ടും തുടങ്ങുന്നു. എന്നാൽ സാഹചര്യങ്ങൾ അവിടെയും അവർക്ക് പ്രതികൂലമായാണ് വന്നത്. കല്യാണ പ്രായമായ തന്റെ രണ്ട് സഹോദരികളെ കല്യാണം കഴിപ്പിച്ച് അയക്കാനും കുടുംബത്തിന്റെ പ്രാരാബ്ദം തീർക്കാനുള്ള ചുമതല മജീദിനെ വീണ്ടും മറ്റൊരു നാട്ടിലേക്ക് എത്തിക്കുന്നു. വീട്ടിൽ നിന്നിറങ്ങാൻ നേരം സുഹറ ജനലരികിൽ മജീദിനെ കാണാൻ വരികയും എന്തോ പറയാൻ തുടങ്ങുകയും ചെയ്യുമ്പോഴേക്ക് ബസ്സിന്റെ  ശബ്ദം കേട്ട് മജീദ് യാത്രയാകുന്നു. ദൂരെ പട്ടണങ്ങളിൽ അവൻ ജോലിക്കായി അലയുന്നു. ഒരുപാട് അലച്ചിലുകൾക്ക് ശേഷം മജീദിന് ഒരു കമ്പനിയിൽ ജോലി ശരിപ്പെടുന്നു. ജോലിക്കിടയിൽ വച്ച് മജീദ് സൈക്കിളിൽ നിന്നു വീണ് ആശുപത്രിയിൽ ആകുന്നു. തനിക്ക് എന്തുപറ്റി എന്നറിയാതെ മജീദ് വേദനയുള്ള വലതുകാൽ തപ്പി നോക്കുകയാണ്. ശൂന്യത! അതെ അവിടം വെറും ശൂന്യമാണ്. മജീദിന്റെ വലതു കാൽ,  മുട്ടിനു കീഴെ നഷ്ടപ്പെട്ടിരിക്കുന്നു. ഒപ്പം തന്റെ ജോലിയും  നഷ്ടപ്പെടുന്നു. 
പിന്നീട് മറ്റൊരു ജോലി  തേടി അവൻ വീണ്ടും അലയുന്നു. ഒരു ഹോട്ടലിൽ എച്ചിൽപാത്രങ്ങൾ കഴുകുക എന്ന ഒരു ജോലി അവനു തരപ്പെടുന്നു. അപ്പോഴും മനസ്സിൽ തന്റെ സഹോദരികളെ വിവാഹം കഴിച്ചയച്ച്, സുഹറയെ  വിവാഹം ചെയ്യണം എന്ന ലക്ഷ്യം മാത്രമേ അവന്  ഉണ്ടായിരുന്നുള്ളൂ. ഇടയിൽ നാട്ടിൽനിന്ന് ഒരു കത്ത് വന്നു; സുഹ്റയുടെ കൈപ്പടത്തിൽ. തനിക്ക് മജീദിനെ കാണണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു അത്. ഒപ്പം അവൾക്ക് നെഞ്ചുവേദനയാണ് എന്ന ഒരു വാർത്ത കൂടി ഉണ്ടായിരുന്നു. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ ഓർത്തപ്പോൾ മജീദിന് തിരികെ നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. അവൻ സുഹറയോടുള്ള അതിശക്തമായ പ്രണയം മനസ്സിൽ വെച്ച്, അവളുമായി ഒരു ജീവിതം സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കി. പിന്നെയും വിധി അവിടെ വില്ലനായി മാറുകയാണുണ്ടായത്.
 നാട്ടിൽ നിന്ന് മജീദിന് മറ്റൊരു കത്ത് കൂടി. ഇപ്രാവശ്യം അത് സുഹ്റയുടേതായിരുന്നില്ല, മജീദിനെ ഉമ്മയുടെതായിരുന്നു. കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:\’ മിനിയാന്നു  വെളുപ്പിനു നമ്മുടെ സുഹ്‌റ മരിച്ചു…\’!. അതേ,  സുഹറയുടെ മരണവാർത്ത ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.
ബാല്യത്തിന്റെ നർമ്മവും, കൗമാര – യൗവനങ്ങളിലെ പ്രണയ തീക്ഷ്ണതയും ആ പ്രണയത്തിന്  ഏൽക്കുന്ന പ്രതികൂല അവസ്ഥകളും, അവയോടൊപ്പം തന്നെ ഒരു സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങളും അനുഭവവേദ്യമാകും വിധം കൃതികർത്താവ് ഇവിടെ അവതരിപ്പിക്കുന്നു. ഒടുവിൽ, വായനക്കാരുടെ മനസ്സിൽ; \’ ഇത് എന്തൊരു പ്രണയം!. പുസ്തകത്തിലെ അവസാന വരിയും കഴിഞ്ഞ്, താഴെക്കാണുന്ന നീണ്ട ശൂന്യത പോലെ മനസ്സും ശൂന്യമാകുന്നു; എവിടെയോ ഒരു നീറ്റൽ… അവസാനമായി സുഹറയും മജീദും തമ്മിൽ കണ്ടു മുട്ടിയ ആ  ജനലിനരികിൽ നിന്നുകൊണ്ട് സുഹ്റ എന്താകും അന്ന് പറയാനാഞ്ഞത്? ജീവിതത്തിന്റെ സ്വപ്നങ്ങൾ എല്ലാം തകർന്ന്, ഒന്നരക്കാലും വച്ച്; ആത്മാവില്ലാത്ത, ജീവൻ മാത്രമുള്ള വെറും ശരീരമായി അവൻ ഇനി എത്ര നാൾ…? \’ എന്നിങ്ങനെ ഒരായിരമായിരം ചോദ്യങ്ങൾ ഉയരുന്നു. അങ്ങനെ കഥ ഇവിടെ അവസാനിക്കുന്നു…
Exit mobile version