സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. അതേസമയം അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ,കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വരും മണിക്കൂറുകൾക്കുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പശ്ചിമബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴിയും നിലനിൽക്കുന്നു.
കർണാടക തീരത്ത് 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, ഒക്ടോബർ മാസത്തിൽ സാധാരണ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു. ഒക്ടോബർ രണ്ട് വരെ മഴ തുടർന്നേക്കും.