
സംസ്ഥാനത്ത് രാജ്യാന്തര നിലവാരത്തിലുള്ള വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് ആരംഭിച്ചു. കൊച്ചി തേവരയിലെ ഡ്രൈവിങ് ലൈസൻസ്–റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് സ്റ്റേഷനിലാണ് പുതിയ സംവിധാനം. ദിനംപ്രതി 25000 ത്തോളം സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്.
ആർടിഒ, സബ് ആർടിഒ ഉൾപ്പെടെ കേരളത്തിലെ 86 ഓഫിസുകളിലും റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ആർ.സിയാണ് രാജ്യാന്തര നിലവാരത്തിൽ ഇവിടെ പ്രിന്റ് ചെയ്യുന്നത്. വാഹന ആർസിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി കഴിഞ്ഞ 29 മുതൽ ഫീസ് അടച്ച് അപേക്ഷിച്ചിട്ടുള്ളവർക്ക് പുതിയ രൂപത്തിലുള്ള ആർസി കാർഡാകും ലഭിക്കുക. ഏഴ് സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പുതിയ കാർഡ്. കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ വാഹനത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കും. ഉന്നത നിലവാരത്തിലാണ് കാർഡിന്റെ പ്രിന്റിങ് എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ടെലി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമിക്കുന്ന പാലക്കാട് ഐടിഐ കമ്പനിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിലെ പുതിയ കേന്ദ്രത്തിൽ ആർസിയും ഡ്രൈവിങ് ലൈസൻസും തയാറാക്കുന്നത്. പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ മാതൃകയിലുള്ള ആർസിയാണ് ലഭിക്കുക. 200 രൂപയാണ് നിലവിലെ വാഹനങ്ങൾക്കായി അപേക്ഷിച്ചവർ അടയ്ക്കേണ്ടത്. ഐടിഐയിലെ വിദഗ്ധർക്കു പുറമേ മോട്ടർ വാഹന വകുപ്പിലെ 3 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 15 മിനിസ്റ്റീരിയൽ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.