
ലൈറ്റ് സംവിധാനമില്ലാത്തതിനാൽ തൃശൂരിൽ കേരളോത്സവം സംഘടിപ്പിച്ചത് സർക്കാർ ആംബുലൻസിന്റെ ലൈറ്റ് ഓൺ ചെയ്ത്. തൃശൂർ ചേലക്കര ഗ്രാമപ്പഞ്ചായത്തിൻ്റെ കേരളോത്സവ മത്സര പരിപാടിയിലാണ് സംഭവം. സർക്കാർ ആംബുലൻസിന്റെയും ഗ്രാമപ്പഞ്ചായത്ത് ജീപ്പിന്റെയും ഹെഡ്ലൈറ്റ് തെളിച്ചാണ് വടംവലി മത്സരം നടത്തിയത്.
ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു മൽസരം. ചേലക്കര ബസ് സ്റ്റാൻഡിനുള്ളിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നു. കേരളോത്സവത്തിൻ്റെ നടത്തിപ്പിനായി ഒന്നരലക്ഷം രൂപ വകയിരുത്തിയെങ്കിലും സംഘാടകർ ലൈറ്റ് ഒരുക്കാത്തതാണ് ആംബുലൻസിന്റെ ലൈറ്റ് തെളിയിക്കേണ്ട അവസ്ഥയിലേക്ക് നയിച്ചത്.
ആംബുലൻസ് ഉപയോഗിച്ച് വടംവലി നടത്തിയതിനെതിരെ നാട്ടുകാർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ആംബുലൻസ് പോലുള്ള ഒരു വാഹനത്തെ ഇത്തരം വിനോദങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് ചിലർ പറയുന്നു.