
കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി ജീവനക്കാര്‍. മാള പള്ളിപ്പുറം സ്വദേശിയായ ഓളിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ ജീവനാണ് സ്വകാര്യ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷിക്കാനായത്.
കള്ള് ഷാപ്പ് ജീവനക്കാരനായ സുബ്രഹ്മണ്യന് തുരുത്തിപ്പുറത്ത് നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന മിഷാല്‍ ബസിലാണ് വ്യാഴാഴ്ച രാവിലെ കുഴഞ്ഞു വീണത്. വീഴുന്നത് കണ്ട യാത്രക്കാര്‍ കണ്ടക്ടര്‍ വി.ആര് വിനുവിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് നിര്‍ത്തി സുബ്രഹ്മണ്യനെ ആരോഗ്യവസ്ഥ നോക്കിയ ശേഷം കണ്ടക്ടര്‍ ബസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ എ.എസ് സജിത്തിന് നിര്‍ദേശം നല്കി. യാത്രക്കാരുടെ സഹകരണം കൂടി അഭ്യര്‍ഥിച്ച ശേഷമാണ് ബസ് മാള ഗുരുധര്‍മം മിഷന് ആശുപത്രിയിലേക്ക് കയറ്റിയത്.
ആശുപത്രി ജീവനക്കാരോട് വിവരം അറിയിച്ച ശേഷം സുബ്രഹ്മണ്യനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇ.സി.ജിയിലെ ഏറ്റക്കുറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സുബ്രഹ്മണ്യന് ഇതേ ആശുപത്രിയില്‍ നാല് മാസം മുന്‍പ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതിന്റെ തുടര്‍ പരിശോധനകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കാന് കഴിഞ്ഞത് പ്രയോജനപ്പെട്ടുവെന്ന് സുബ്രഹ്മണ്യന്റെ ബന്ധുക്കള്‍ പറഞ്ഞു.