
വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെറുമാറിയ കേസിൽ തൃശൂർ സ്വദേശിയായ യാത്രക്കാരനോട് ഹാജരാകാൻ നിർദേശിച്ചു. ആന്റോ എന്ന യാത്രക്കാരനോട് ഹാജരാകാൻ നെടുമ്പാശേരി പൊലീസാണ് നിർദേശം നൽകിയത്.
ഇന്നലെ മുംബൈയിൽനിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ ചൊവ്വാഴ്ച വൈകുന്നേരമാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. അടുത്ത സീറ്റിലിരുന്ന യുവാവ് വാക്കുതർക്കം ഉണ്ടാക്കിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും നടി ആരോപിച്ചു.
വിമാന ജീവനക്കാരോട് പറഞ്ഞപ്പോൾ യാത്രക്കാരനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. പൊലീസിൽ പറയാനും നിർദേശം നൽകിയെന്ന് നടി പറഞ്ഞു.
പിന്നീട് കൊച്ചിയിലെത്തിയപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും ഇയാൾ വിമാനത്താവളത്തിൽനിന്ന് പോയിരുന്നു. തുടർന്നാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇക്കാര്യം നടി അറിയിച്ചത്.