
തൃശൂർ: തായ്ലാൻഡിൽ നിന്നും കേരളത്തിൽ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചയാൾ തൃശ്ശൂരിൽ പിടിയിൽ. കണ്ണൂർ കടമ്പൂർ ഇസ്രാസിൽ വീട്ടിൽ 22 വയസ്സുള്ള മുഹമ്മദ് ഫാസിലാണ് പിടിയിലായത്. 2.14 ഗ്രാം ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന ഫാബുല്ലസോ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
പാലക്കാട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറും തൃശൂർ-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി വലയിലായത്. തായ്ലാൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്. മണ്ണുത്തിയിലെ ലോഡ്ജിൽ നിന്നുമാണ് ഫാസിൽ പിടിയിലാകുന്നത്. ലോഡ്ജിന് മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികൾ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യമായാണ് എക്സൈസ് ഇത്തരത്തിലുള്ള കഞ്ചാവ് പിടികൂടുന്നതെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. സിന്തറ്റിക് ലഹരിക്ക് തുല്യമായ ലഹരി ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പിടിയിലായ മുഹമ്മദ് ഫാസിൽ കാരിയർ ആണെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.