
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. കേരളത്തിലേതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 12.30 നാണ് പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുക.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക.
ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ കഴിയുക.
ഒന്നാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വലിയ പ്രതിഷേധം റെയിൽവെ നേരിടേണ്ടി വന്നിരുന്നു. എന്നാൽ കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ,തൃശ്ശൂർ,എറണാകുളം ജംങ്ഷൻ,ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾക്ക് പുറമെ തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാകും.
കാസർകോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസർകോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം.