
ഇന്ത്യയെ ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ‘ഭാരതം’ വിഷയം വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്നിതിനിടെയാണ് നടന്റെ പോസ്റ്റും ശ്രദ്ധ നേടുന്നത്.
‘കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളും എത്തുന്നുണ്ട്.
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ ആലോചന എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അതേസമയം പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.