
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി. തന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമില്ലെന്നും പത്തുരൂപയുടെ ചീര്‍പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമാണ് ഉദയിനിധി പറഞ്ഞു.
സന്യാസിയുടെ കയ്യില്‍ എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും ഉദയനിധി ചോദിച്ചു. കരുണാനിധിയുടെ മകനെ വിരട്ടാന്‍ നോക്കണ്ടയെന്നും സനാതന ധര്‍മ്മത്തിലെ അസമത്വത്തിനെതിരെ ഇനിയും വിമര്‍ശനം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് അങ്ങേര്ക്കെന്താണിത്ര താല്പര്യം. ഇത്രയുമധികം പണം എവിടെ നിന്നാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
എന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമൊന്നുമില്ല. പത്ത് രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. അതുകൊണ്ട് ഭീഷണി കൊണ്ട് പേടിപ്പിക്കാനൊന്നും നോക്കണ്ട. തമിഴ്നാടിന് വേണ്ടി റെയില്‍വെ പാളത്തിൽ തല വെച്ച് സമരം ചെയ്ത കരുണാനിധിയുടെ മകനാണ് താനെന്നും” ഉദയനിധി പറഞ്ഞു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ സുരക്ഷ കൂട്ടി. സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോദ്ധ്യയിലെ സന്യാസിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് നടപടി. ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
.