
യുഎസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം അമേരിക്കയുടെ കൗമാര താരം കൊക്കോ ഗോഫിന്. ലോക ഒന്നാം നമ്പറും രണ്ടാം സീഡുമായ ആര്യാന സബലങ്കയെ പരാജയപ്പെടുത്തിയാണ് താരത്തിന്റെ കിരീട നേട്ടം.
സ്കോർ 2-6, 6-3, 6-2 19കാരിയായ കൊക്കോയുടെ ആദ്യ ഗ്രാൻഡ് സ്ലാം കീരീടമാണിത്. സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജറുമായി ഇതോടെ കൊക്കോ ഗോഫ്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റിൽ സബലങ്കയുടെ ആധിപത്യമായിരുന്നു. 6-2 നേടി ആദ്യ സെറ്റ് സ്വന്തമാക്കിയ സബലങ്കയെ രണ്ടാം സെറ്റിൽ കൊക്കോ തിരിച്ചടിച്ചു.
6-3 നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും ആധിപത്യം തുടർന്ന കൊക്കോ രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കിരീടം സ്വന്തമാക്കുകയായിരുന്നു. യുഎസ് ഓപ്പൺ കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കൊക്കോ ഉയരും.
നാളെയാണ് യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസ് ഫൈനൽ. നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് ആണ് ഏറ്റമുട്ടുക.