
സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനും ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ദിവസം വന്ന നിപ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദിന്റ മകനെയും ഭാര്യാസഹോദരനെയുമാണ് ഇന്ന് ഡിസ്ചാർജ് ചെയ്യുന്നത്.
ഏറെ ആശങ്കയിലായിരുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനില പിന്നീട് മെച്ചപ്പെടുകയായിരുന്നു. ഒരു ഘട്ടത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഇന്ന് ആശുപത്രി വിടുമെങ്കിലും രണ്ടുപേരും രണ്ടാഴ്ചയോളം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
ഓഗസ്റ്റ് 30നാണ് മുഹമ്മദ് മരിച്ചത്. പനി ഉൾപ്പടെയുള്ള ലക്ഷണങ്ങൾ രൂക്ഷമായതോടെയായിരുന്നു മുഹമ്മദ് മരിച്ചത്. എന്നാൽ സമാന ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് നിപ പരിശോധനയിലേക്ക് നീങ്ങിയത്. പരിശോധനയിൽ രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചു.
ഏറെ ഗുരുതരമായ ആരോഗ്യാവസ്ഥയിൽനിന്നാണ് ഒമ്പതുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗുരുതരമായ ശ്വാസ തടസവും അപസ്മാരത്തിന്റെ ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് തലച്ചോറിനെയും ബാധിച്ച് തുടങ്ങിയിരുന്നെങ്കിലും ആശുപത്രിയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്ന് രക്ഷപ്പെടുത്താൻ സാധിച്ചു.