Site icon MalluChronicle

പൂനെ ഫലം പോസിറ്റീവ്; സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു.

എന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.

സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. 

ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

അതേസമയം മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 75 പേരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ഒന്‍പത് വയസുള്ള കുട്ടി അടക്കം ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിഞ്ഞുവരികയാണ്. കനത്ത ജാഗ്രത നിലനില്‍ക്കുന്ന കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് കോഴിക്കോട് ഇപ്പോള്‍ നിപ ബാധിച്ചവര്‍ക്കുണ്ടായിരുന്നത്. അതിനാല്‍ തന്നെ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Exit mobile version