
മൊറോക്കോയിലെ ഭൂകമ്പ ബാധിതർക്ക് അഭയവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ തന്റെ മൊറോക്കോയിലെ ഹോട്ടൽ വിട്ടുനൽകി ഇരിക്കുകയാണ് സൂപ്പർ താരം.
മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ ആഡംബര ഹോട്ടലാണ് ദുരന്തബാധിതർക്കായി താരം തുറന്നുനല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ല പോർച്ചുഗീസ് സൂപ്പർ താരം പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായവുമായി എത്തുന്നത്. തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.
അതേസമയം മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 പിന്നിട്ടു. ദുരന്തത്തില്‍ 2,059 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരന്തം മാരാക്കേച്ചിലും പരിസര പ്രദേശങ്ങളിലും 300,000-ത്തിലധികം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
2000ലധികം പേരുടെ മരണത്തിനിടയാക്കിയ മൊറോക്കോ ഭൂകമ്പത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ഉണ്ടായ ജീവഹാനിയിലും വന്‍ നാശനഷ്ടങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.