
ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് 2,000 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. ദെർന നഗരത്തെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.
കനത്ത മഴയും കാറ്റുമുണ്ടാകുകയും ദെർനയിലെ ഡാം തകരുകയും ചെയ്തതോടെയാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ലിബിയൻ നാഷനൽ ആർമി (എൽഎൻഎ) വക്താവ് അഹമ്മദ് മിസ്മാരി അറിയിച്ചു. ആറായിരത്തോളം പേരെ കാണാതായെന്നും അദ്ദേഹം അറിയിച്ചു .
കഴിഞ്ഞ ആഴ്ച ഗ്രീസിൽ വെള്ളപ്പൊക്കമുണ്ടാക്കിയ ഡാനിയേൽ കൊടുങ്കാറ്റാണ് ലിബിയയിൽ എത്തിച്ചേർന്നത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയും വെള്ളപ്പൊക്കത്തിൽ മുങ്ങി. പലയിടത്തും റോഡുകളം പാലങ്ങളും വീടുകളും പൂർണമായി തകർന്നു.
അതേസമയം ഡെർനയില്‍ നിന്നുള്ള ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പർവതങ്ങളിൽ നിന്ന് നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർന എന്ന നദി നിമിഷ നേരം കൊണ്ട് നിറഞ്ഞ് കവിയുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നദി കരകവിഞ്ഞ് ഒഴുകിയതോടെ തീരത്ത് നിന്നും ഏറെ അകലെയായി ഉണ്ടായിരുന്ന ബഹുനില കെട്ടിടം അടക്കം നിലം പൊത്തി. നിരവധി വാഹനങ്ങളും വീടുകളും ഒലിച്ചു പോയി.
ഡെർനയില്‍ വൈദ്യുതിയോ വാർത്താവിനിമയമോ ഇല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ഉള്‍പ്പെടെ ദുരിതത്തിലായിരിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
5000 ത്തിലധികം ആളുകളെ ഡെർനയിൽ കാണാതാവുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കിഴക്കൻ ലിബിയ സർക്കാരിന്റെ ആഭ്യന്തര മന്ത്രി എസ്സാം അബു സെറിബ വ്യക്തമാക്കിയത്. ഇരകളിൽ പലരും മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.