
ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് മനസ്സിലാക്കുന്നതിനായി ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോധന നടത്തും. വരുന്ന ബുധനാഴ്ച ആയിരിക്കും ഡാമിന്റെ ഷട്ടർ ഉയർത്തുക.
സന്ദർശകാനുമതിയില്ലാത്ത ദിവസം ആയതിനാലാണ് പരിശോധന ബുധനാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത് . നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന രണ്ട് താൽക്കാലിക ജീവനക്കാരെ മാറ്റി പകരം പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടി. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്.
പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
സംഭവത്തിൽ കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടേക്കും.