
മുഖഭംഗി നിലനിർത്താൻ പല ഫേസ് പാക്കുകൾ നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങളാണ് നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും വർധിപ്പിക്കാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് കാരണമാകും . ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്ക്രബ് ആയി പ്രവർത്തിക്കും. കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകൾ പരിചയപ്പെടാം..
ഒന്ന്
കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം നല്ല പോലെ യോജിപ്പിച്ച ശേഷം 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മം ലോലമാകാൻ ഈ പാക്ക് സഹായിക്കും.
രണ്ട്
നാല് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ ശുദ്ധമായ വെള്ളം കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും.
മൂന്ന്
മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ചർമ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.