
പത്തനംതിട്ട: മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി മാതൃകയായി പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്.
ഏക മകളുടെ വിവാഹം ലളിതമായി നടത്തി സ്വർണ്ണത്തിനും ആർഭാടങ്ങൾക്കും ഒക്കെ ചെലവിടേണ്ട പണം നിർധനയായ പെൺകുട്ടിയുടെ സ്വപ്നം പൂവണിയാനായി ഇദ്ദേഹം മാറ്റിവെച്ചത്.
കെ.ആർ. പ്രകാശിന്റെ മകൾ ആതിരയാണ് വിവാഹിതയായത്. തൊട്ടുപിന്നാലെ, നിലവിളക്കും താലപ്പൊലിയുമൊക്കെയായി അതേ വേദിയിലേക്ക് അടുത്ത വധൂവരന്മാരെത്തി.
ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ആദിവാസി ദമ്പതികൾ.
ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഏകമകളുടെ വിവാഹം ലളിതമായി നടത്തിയാണ് സോമിനിക്കും രാജിമോനും പ്രകാശൻ വെളിച്ചമേകിയത്.
ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് പറഞ്ഞു.
അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഒരേ വിവാഹവേദിയിൽ ആ പെൺകുട്ടിയുടേയും വിവാഹം നടന്നതിൽ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്നറിയില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോകുന്നുവെന്ന് ആതിര പറഞ്ഞു. മംഗല്യസ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സോമിനിയും രാജിമോനും. നിപ; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ, ആരോഗ്യമന്ത്രി കോഴിക്കോട് ഉന്നതതല യോഗം ചേരും..