2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. ഒക്ടോബര്‍ ഏഴ് വരെ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയെടുക്കാം. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്.
നോട്ടുകള്‍ തിരികെ നല്‍കാനായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് നോട്ട് നിരോധനത്തിന് ശേഷം പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകളും പിന്‍വലിക്കുന്നതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചത്.
എന്നാൽ സെപ്റ്റംബര്‍ 1 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ വിപണിയിലുള്ള രണ്ടായിരം രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്.
500, ആയിരം രൂപ നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ 2016ലാണ് റിസര്‍വ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാല്‍, 2018 19 സാമ്പത്തിക വര്‍ഷത്തോടെ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ച് റിസര്‍വ്വ് ബാങ്ക് ഉത്തരവിറക്കി.
ഇതിന് പിന്നാലെ മെയ് 23 മുതല്‍ കറന്‍സി മാറ്റിയെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കി. സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മടക്കി നല്‍കാനായിരുന്നു നിർദേശം. നിലവിൽ ഒക്ടോബര്‍ ഏഴ് വരെ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയെടുക്കാം.